Tuesday, 28 January 2014

കറുപ്പ് 

    ഞാൻ എഴുവാനിരുന്നു, തൂവെള്ള നിറത്തിലുള്ള പേപ്പറിൽ കറുത്ത ബോൾ പോയ്ന്റ് പേന കൊണ്ട് വർണ്ണങ്ങൾ ചമക്കാൻ ഞാൻ ശ്രമിച്ചു. 


അടുക്കളയിലെ മൂലയിൽ നിന്ന് പ്ല്ലാസ്റ്റിക്ക് കവറിൽ കെട്ടി വച്ചിരുന്ന മാലിന്യങ്ങളുടെ ഗന്ധം അസഹ്യമായിത്തുടങ്ങിയിരുന്നു. എന്റെ കഥയിലെ നായിക പച്ചക്കറി അരിഞ്ഞ് തോട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

ജനാല വഴി പുറത്തേക്ക് നോക്കിയ എനിക്ക് തറ കാണുവാൻ കഴിഞ്ഞില്ല. മേഘങ്ങൾ എന്നെ തലോടി പറന്നു പൊയ്ക്കൊണ്ടിരുന്നു. തിരിച്ചു വന്ന് നോക്കിയപ്പോൾ പേപ്പറിലാകെ കറുപ്പ് പടർന്നിരുന്നു. പൂർത്തിയാകാത്ത കഥ എന്നെ അലട്ടിയില്ല, ഉറങ്ങാൻ കിടന്നു. 


    കണ്ണു തുറന്നപ്പോൾ മൂക്കിൽ എന്തോ തടയുന്നു, തലയുയർത്തി നോക്കിയപ്പോൾ നെഞ്ചിൽ പൗരസമിതിയുടെ ഒരു റീത്ത് 

വിഷുക്കണി 



     അംബരചുംബിയുടെ പതിമൂന്നാം നിലയിൽ നിന്ന് അയാൾ താഴെ ഇറങ്ങി. തിരക്കേറിയ വീഥിയിലൂടെ പോകുമ്പോൾ ഓർത്തു, നാളെ വിഷു.
      കാർ പാർക്ക് ചെയ്യ് ത് അയാൾ ഒരു ഷോപ്പിങ്ങ് കോംപ്ല്ലക്സിൽ കയറി. ഏകദേശം അര മണിക്കൂറത്തെ തിരച്ചിലിനു ശേഷം തനിക്കു വേണ്ട സി.ഡി. തെരഞ്ഞെടുത്തു. ഫ്ല്ലാറ്റിലെത്തി കുളി മുറിയിൽ കയറി ലവണം മണക്കുന്ന വെള്ളത്തിൽ കുളിച്ചു. ഭാര്യ അയാൾക്ക് ഒരു ഗ്ല്ലാസ്സ് കട്ടൻ നല്കി, അതിനു ചോരയുടെ നിറമായിരുന്നു. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ഓർത്തു, നാളെ വിഷു. നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാൾക്ക് താരാട്ടായി.
    പിറ്റേന്നു രാവിലെ അയാൾ നേരത്തെ എണീറ്റു. ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞിരുന്നു. മക്കളെ തട്ടിയുണർത്തി അയാൾ തലേന്നു വാങ്ങിയ സി.ഡി. പ്ല്ലേ ചെയ്തു. മഞ്ഞ കണിക്കൊന്നപ്പൂക്കളുടെ നിറവിൽ വിഷുക്കണിയുടെ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്. ടി.വി. യിലേക്ക് ചൂണ്ടി അയാളുടെ മകൾ ചോദിച്ചു,
 “which is that yellow flower dad?” 
 അയാൾക്ക് അതിനു മറുപടിയുണ്ടായിരുന്നില്ല.
ചിത്രം തുടർന്നു, കണിക്കൊന്നകൾക്കു നടുവിൽ മഞ്ഞപ്പട്ടുടുത്ത പ്രതിമ നിന്നു കരഞ്ഞു......

a short story


നശ്വരത 

     ട്ടുച്ച വെയിലിൽ നിന്ന് തണുത്ത ഇടനാഴിയിലേക്ക് കയറിയപ്പോൾ അല്പം ആശ്വാസം തോന്നി. ചെറിയൊരു മേശയിൽ ടോക്കണുകൾ നല്കാന്നിരിക്കുന്നയാളെ കണ്ടപ്പോൾ പഴയ കണക്കപ്പിള്ളയെ ഓർമ്മ വന്നു.
   ഊഴമെത്തിയപ്പോൾ അയാളെ സമീപിച്ചു.കരിമ്പേൻ തിന്ന പഴയ സഞ്ചിയിൽ നിന്ന് ഒരു റേഷൻ കാർഡ് എടുത്തു.
  “ബി.പി.എല്ല്. ആണ്‌, എന്തെങ്കിലും.....” പറഞ്ഞ് മുഴുവനാക്കാൻ സമ്മതിച്ചില്ല,
  “ഇവിടെ അങ്ങനൊന്നും ഇല്ല മാഷേ, കാശ് തന്നിട്ട് കയറിക്കോ....”
തർക്കിച്ചില്ല, ചീട്ടെഴുതി അകത്തേക്ക് കയറി. 


അരണ്ട വെളിച്ചം നിറഞ്ഞ മുറിയിൽ ഉള്ളിലേക്ക് പോകും തോറും തണുപ്പ് കൂടിക്കൂടി വന്നു.ഒടുവിൽ ആ തണുപ്പിൽ ഭാരം നഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞു. 

Wednesday, 15 January 2014

 ഫാസ്റ്റ് &ഫ്യൂരിയസ് 



          രാത്രി 12 മണിയോടടുത്തപ്പോൾ അവൻ (പുതു)ലോകത്തേക്കുള്ള കവാടം തുറന്ന് പുറത്തു വന്നു.

          2 മണിയോടെ കംബ്യൂട്ടർ വിദഗ്ദൻ ജാതകവുമായി വന്നു.

          5 മണിയോടെ രാജ്യത്തെ എല്ല പ്രൈവറ്റ് സ്കൂളുകളുടെ ലിസ്റ്റു തയ്യാറായി, ഏറ്റവും കൂടുതൽ ഫീസ് ആവശ്യപ്പെടുന്ന സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

          7 മണിയോടെ പൊന്നരിഞ്ഞാണത്തിനു പകരം മുന്തിയ അടിവസ്ത്രവും ബെല്റ്റും അവന്റെ അരയിൽ ഇടം പിടിച്ചു.

           ആശുപത്രി മുറ്റത്ത് ഒരു AC സ്കൂൾ ബസ്സ് വന്നു നിന്നു.അമ്മ അവന്റെ കഴുത്തിലെ ടൈ മുറുക്കി അതിന്റെ അറ്റം ബസ്സിലെ ജോലിക്കാരന്റെ കൈയിൽ കൊടുത്തു.

           വൈകുന്നെരം ഒരു ആഡംബരക്കാറിൽ അവൻ ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ വന്നിറങ്ങി. 

Saturday, 11 January 2014

ഒരു ചെറുകഥ

                                                    അജ്ഞാതന്റെ മരണം 

           ട്രാഫിക്ക് ഐലന്റ് എത്തിയപ്പോൾ അയാളുടെ കാലുകൽ കുഴഞ്ഞു,കണ്ണിൽ ഇരുട്ട് കയറി,വീണു.... സിഗ്നൽ കാത്തു കിടന്ന ഒരു പറ്റം യന്ത്രങ്ങൾ അയാളെ അവജ്ഞതയോടെ നോക്കി.

           ട്രാഫിക്ക് നിയന്ത്രിക്കൻ പണിപ്പെടുന്നതിനിടെ പോലീസുകാരൻ അയാളെ രണ്ടു തവണ വലതു വച്ചു. വാക്കുകൾ മുറിഞ്ഞു.... “വെള്ളം.....വെള്ള....”

ഈ കാഴ്ച കണ്ട് ഒരു വാനിൽ നിന്നു ഒരു സുന്ദരിയും ഒരു തൊപ്പിക്കാരനും ഇറങ്ങി വന്നു. പെട്ടന്ന് വാനിലേക്ക് തിരിച്ചു പോയി ക്യാമറയും മൈക്കുമായി തിരിചു വന്നു.

                 “നമസ്കാരം, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഒന്നായ *******ത്തെ കാഴ്ചയാണു ഈ കാണുന്നത്. കുത്തക കമ്പനികൾവിപണികൾ കീഴടക്കുംബൊഴും സാധാരണക്കാരൻ തുള്ളി വെള്ളം കിട്ടാതെ മരിച്ചു വീഴുകയാണ്‌ ചെയ്യുന്നത്........”

                   ക്യാമറയിൽ മുഖം കിട്ടാൻ ഒരു ഖദർ ധാരി ആ സാധുവിനെ താങ്ങിയെടുതു, ക്യാമറാമാൻ കട്ട് പറഞ്ഞപ്പൊൾ അയാളെ വീണ്ടും റോഡിൽ കിടത്തി, ആളൊഴിഞ്ഞു.
                   
                      വ്രണങ്ങൾ നിറഞ്ഞ ശരീരവുമായി വന്ന ഒരു തെരിവുനായ അയാളുടെ തണുത്ത ദേഹത്ത് നനവ് പകർന്ന് ഓടിപ്പോയി. നഗരസഭയുടെ പെട്ടി ആട്ടോയിൽ ചവറുകൾക്കൊപ്പം അയാളുടെ ശരീരം എങ്ങൊ മറഞ്ഞു.