Tuesday, 28 January 2014


വിഷുക്കണി 



     അംബരചുംബിയുടെ പതിമൂന്നാം നിലയിൽ നിന്ന് അയാൾ താഴെ ഇറങ്ങി. തിരക്കേറിയ വീഥിയിലൂടെ പോകുമ്പോൾ ഓർത്തു, നാളെ വിഷു.
      കാർ പാർക്ക് ചെയ്യ് ത് അയാൾ ഒരു ഷോപ്പിങ്ങ് കോംപ്ല്ലക്സിൽ കയറി. ഏകദേശം അര മണിക്കൂറത്തെ തിരച്ചിലിനു ശേഷം തനിക്കു വേണ്ട സി.ഡി. തെരഞ്ഞെടുത്തു. ഫ്ല്ലാറ്റിലെത്തി കുളി മുറിയിൽ കയറി ലവണം മണക്കുന്ന വെള്ളത്തിൽ കുളിച്ചു. ഭാര്യ അയാൾക്ക് ഒരു ഗ്ല്ലാസ്സ് കട്ടൻ നല്കി, അതിനു ചോരയുടെ നിറമായിരുന്നു. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ഓർത്തു, നാളെ വിഷു. നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാൾക്ക് താരാട്ടായി.
    പിറ്റേന്നു രാവിലെ അയാൾ നേരത്തെ എണീറ്റു. ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞിരുന്നു. മക്കളെ തട്ടിയുണർത്തി അയാൾ തലേന്നു വാങ്ങിയ സി.ഡി. പ്ല്ലേ ചെയ്തു. മഞ്ഞ കണിക്കൊന്നപ്പൂക്കളുടെ നിറവിൽ വിഷുക്കണിയുടെ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്. ടി.വി. യിലേക്ക് ചൂണ്ടി അയാളുടെ മകൾ ചോദിച്ചു,
 “which is that yellow flower dad?” 
 അയാൾക്ക് അതിനു മറുപടിയുണ്ടായിരുന്നില്ല.
ചിത്രം തുടർന്നു, കണിക്കൊന്നകൾക്കു നടുവിൽ മഞ്ഞപ്പട്ടുടുത്ത പ്രതിമ നിന്നു കരഞ്ഞു......

No comments:

Post a Comment